Monday, April 06, 2009

Reno - യിലേക്കൊരു ട്രെയിന്‍ യാത്ര (ഏപ്രില്‍ 2001)

സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്ത് നിന്നും  ട്രെയിനില്‍ പലയിടത്തും  ദൂരയാത്രയ്ക്കു പോകാനൊക്കുമെങ്കിലും അവ സമയനിഷ്ഠത കാണിക്കാത്തതിനാല്‍ ആളുകള്‍ക്ക് ഇവിടെ ട്രെയിന്‍ യാത്രയോട് അത്ര മതിപ്പില്ല. വിമാനയാത്രക്കൂലി തീവണ്ടിക്കൂലിയെക്കാള്‍ കുറവായതും മറ്റൊരു കാരണമാണ്. .

എന്നിരുന്നാലും ഒരു ചെറിയ ട്രെയിന്‍ യാത്രയ്ക്കു പോയാലോ എന്ന് ഞങ്ങള്‍ പലപ്പോഴും വിചാരിച്ചിരുന്നിട്ടുണ്ട്. അങ്ങിനെയാണ് അടുത്തുള്ള ചൂതാട്ട നഗരമായ Reno- യില്‍ തീവണ്ടിയില്‍ പോയിക്കളയാമെന്നു തീരുമാനിച്ചത്. കാറില്‍ പലവട്ടം പോയ സ്ഥലമാണ്. ഇവിടെ നിന്നും 4.5 മണിക്കൂ‍ര്‍ കൊണ്ട് ഡ്രൈവു ചെയ്ത് എത്താവുന്ന സ്ഥലമാണ്.  രണ്ടു ട്രെയിന്‍ മാറിക്കയറി പത്തു മണിക്കൂറോളം ചിലവഴിച്ചാല്‍ (ട്രെയിനുകള്‍ സമയത്തിന് വന്നു കിട്ടിയാല്‍) സാന്‍ ഹോസേ-യില്‍ നിന്ന് റീനോയ്ക്കെത്താം.
2001 -ലെ മഞ്ഞുകാലത്ത് ഞങ്ങളുടെ ആറു വയസ്സുകാരനെ ട്രെയിന്‍ യാത്രയ്ക്കു കൊണ്ടുപോകാന്‍ ഞങ്ങള്‍ തീര്‍ച്ചയാക്കി.

രണ്ടു ട്രെയിനുകളാണ് നമുക്കെടുക്കേണ്ടത്.
  • ഒന്ന്: San Jose - to Emeryville (Amtrak Capitol Corridor): San Jose യില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ Sacramento വരെ പോകുന്നതാണിത്. Commuter ട്രെയിന്‍ ആയതു ക്കാരണം ഇരുന്ന് സഞ്ചരിക്കാനുള്ള സൌകര്യമാണിതിലുള്ളത്. (ബെര്‍ത്തും ബര്‍ത്തുമൊന്നുമില്ല!)
  • രണ്ട്:  California Zephyr Superliner. “യെവന്‍ പുലിയാണ്, കേട്ടാ...”  സാന്‍ ഫ്രാന്‍സിസ്ക്കോയുടെ കിഴക്ക് Emeryville-ല്‍ നിന്നു തുടങ്ങി അങ്ങു ഷിക്കാഗോ വരെ ഓടും. കിടന്നുറങ്ങാന്‍ പ്രൈവറ്റ് മുറികളും ഒക്കെയുണ്ടിതില്‍. Lounge car, Vista dome chair (observation), Diner car തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള ദൂരയാത്രയ്ക്കു സജ്ജമാക്കിയ വണ്ടിയാണിത്.
Amtrak Capitol Corridor ട്രെയിനിനു മുന്‍പില്‍ (Sacramento Station)
California Zephyr സ്റ്റേഷനിലെത്തുന്നു
“അമ്മ relax ചെയ്യുവാണോ....?”
Observation Car-ല്‍
മഞ്ഞു പെയ്യുന്നതും നോക്കി...
California Zephyr മഞ്ഞു മൂടിക്കിടക്കുന്ന Sierra Nevada പര്‍വ്വതനിരകളിലൂടെ കടന്നു പോകുന്നു.


റീനോയില്‍ വണ്ടിയെത്തിയപ്പോള്‍ മഞ്ഞുപെയ്യുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് അടുത്തുള്ള താമസസ്ഥലത്തേക്കെത്താന്‍ അതിനാല്‍ പ്രയാസമില്ലായിരുന്നു. അതുകഴിഞ്ഞ് രാത്രിയില്‍ വീണ്ടും നഗരം കാണാനിറങ്ങിയപ്പോള്‍ മഞ്ഞു വീണുകൊണ്ടിരുന്നു. പതുപത്തുത്ത മഞ്ഞിന്‍ പൂ‍ക്കള്‍ ആകാശത്തു നിന്നടര്‍ന്നു വീഴുന്നതും നോക്കി ഞങ്ങള്‍ നടന്നു.
അടുത്ത ദിവസം ഞങ്ങള്‍ തിരിച്ചു വണ്ടി കയറാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണറിഞ്ഞത്, അത് 3 മണിക്കൂര്‍ വൈകിയാണു വരുന്നതെന്ന്! (വണ്ടിയുടെ സമയം മാറിയോ എന്ന് തിരഞ്ഞിട്ടു വേണം എത്താനെന്നുള്ള സാമാന്യ ബുദ്ധി തോന്നിയില്ല!)
പിന്നെ ഞങ്ങള്‍ ട്രാക്കില്‍ കളിച്ചും Fire Engine നോക്കിയും സമയം കളഞ്ഞു.
മൂന്നു മണിക്കൂര്‍ താമസിച്ച് ട്രെയിനെത്തുമ്പോള്‍ ഞങ്ങള്‍ക്കെടുക്കേണ്ടിയിരുന്ന connection സ്റ്റേഷന്‍ വിട്ടിട്ടുണ്ടാകുമെന്നതിനാല്‍ Oakland സ്റ്റേഷനില്‍ അധികൃതര്‍ ഞങ്ങളെ ഇറക്കി, അവിടെ നിന്നും San Jose-യ്ക്ക് പോകുന്ന Amtrak ന്റെ ബസ്സില്‍ ഞങ്ങള്‍ക്കുള്ള സീറ്റു തരമാക്കിത്തരികയും ചെയ്തു. രാ‍ത്രി പതിനൊന്നരയോടെ വീട്ടിലെത്തി.

വാല്‍ക്കഷ്ണം: അല്‍പം വൈകിയെത്തിയാലും കുഴപ്പമില്ലെന്നും, വെറുതെ ഇങ്ങനൊരു യാത്രചെയ്താല്‍ തെറ്റില്ലെന്നും, ബസ്സൊക്കെ കയറി പോകേണ്ടിവരുമെന്നും മറ്റും മനസ്സിലോര്‍ത്ത് കുറച്ചൊരു adventure sense കരുതി പോകുകയാണെങ്കില്‍ ഈ യാത്ര നിങ്ങള്‍ക്കും ഇഷ്ടപ്പെടും. Adapt ചെയ്യാന്‍ മടിയുള്ളവര്‍ കാറോടിച്ചു പോകൂ‍!
===
Here is an excellent article by Sudatta on taking the train to Chicago 

No comments:

Post a Comment