Monday, July 02, 2012

ആനയും കുതിരയും നായരും ഞാനും ...


മറ്റൊരു കഥ - ആനയും കുതിരയും നായരും ഞാനും ...

വെളുപ്പിനെ ഒരു സ്വപ്നം കണ്ടു ... ചെണ്ടയടിക്കാന്‍ ചെന്ന എന്നെ വിളിച്ച് ലവന്മാര്‍ പറഞ്ഞു "ഹേ ... നിങ്ങള്‍ പോയി ആ കുതിരകളെ ലോറിയില്‍ നിന്നും ഇറക്കൂ... .എന്നിട്ട് അവയെ കൊണ്ടുപോയി barn ല്‍ ആക്കി അവയ്ക്ക് തീറ്റ കൊടുക്കൂ...!" എന്ന് ... ഞാന്‍ എത്ര പറഞ്ഞിട്ടും അവര്‍ കേട്ടില്ല... കരഞ്ഞു പോയി 

*****

പണ്ട് ഞങ്ങടെ നാട്ടില്‍ ഒരു നായരുണ്ടായിരുന്നു. എവിടുന്നോ വന്ന ഒരുത്തന്‍ . അയാളുടെ ആകെ മുതല്‍ - ചിരിക്കാന്‍ അറിയാം, പിന്നെ ചൊറിയാന്‍ അറിയാം ... പേടി എന്നത് അയാളുടെ കൂടപ്പിറപ്പ്. ഭാര്യയെ പേടി. ഇരുട്ട് പേടി. വെള്ളം പേടി. പുഴ എന്ന് കേട്ടാലേ പേടി... ഇടി പേടി ... മഴ പേടി ...

ആ ചൊറിയന്‍ നായര്‍ എവിടുന്നോ വന്നതാണ്. ഞങ്ങടെ അമ്പലത്തിലെ (ഞങ്ങടെ എന്ന് പറഞ്ഞാല്‍ പന്തളത്ത്‌ പന്ത്രണ്ടു കരക്കാരുടെ അമ്പലം. ഞങ്ങള്‍ പിള്ളേരുടെ സ്വന്തം. അമ്പലത്തില്‍ പായസം, ഉണ്ണിയപ്പം എന്ന് വേണ്ടാ എന്തെങ്കിലും വഴിപാടു ണ്ടെങ്കില്‍ കമ്പിയില്ലാ കമ്പി വഴി ഞങ്ങള്‍ വാനരന്മാര്‍ എല്ലാം അറിഞ്ഞിരിക്കും. വഴിപാടുകാരന്‍ എത്തുന്നതിനു മുന്‍പ് ഞങ്ങള്‍ എല്ലാം ശ്രീകോവിലിനു മുന്‍പില്‍ മണ്ഡപത്തിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കും. ഉന്തും തള്ളും ചിലപ്പോള്‍ പിച്ചും മാന്തും ഒക്കെ കാണും...)

ഞങ്ങള്‍ വാനരന്മാരുടെ കഥ ഒരു അദ്ധ്യായം തന്നെ എഴുതാന്‍  ഉണ്ട് ... അതുകൊണ്ട് അത് പിന്നീടാകാം. പന്തളം കേശവനാനയുടെ വാലില്‍ പിടിച്ച വിരുതന്റെ കഥയും അപ്പോള്‍ എഴുതാം ...

അപ്പോള്‍ പറഞ്ഞ് വന്നത് ... ആ ചൊറിയന്‍ നായരുടെ ആകെ ഉദ്യോഗം എന്ന് പറയുന്നത് കമലമ്മച്ചേച്ചിയുടെ ഭര്‍ത്താവ്‌ ഉദ്യോഗം ആയിരുന്നു

നായര് കല്യാണം കഴിച്ച കാലം മുതല്‍ കമലമ്മച്ചേച്ചിയുടെ വീട്ടില്‍ തന്നെ കൂടി ... അത് കാരണം ഞങ്ങള്‍ നാട്ടുകാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അങ്ങേരോട് ഒരു പുച്ഛമായിരുന്നു. അങ്ങേര് അത് സ സന്തോഷം സ്വീകരിച്ചു. അതിനും കാരണമുണ്ട്.

കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ അവര്‍ മാതൃകാ ദമ്പതികള്‍ ആയിരുന്നു. ഒരു ദിവസം അങ്ങേര് ചുമ്മാ ഇച്ചേയിക്ക്‌ ഇട്ടു രണ്ടു കൊടുത്തു. ഇച്ചെയിക്ക് ദേഷ്യം വന്ന് തിരിച്ചും രണ്ടു കൊടുത്തു ... ആണ്ടടാ നായര് വീണു കിടക്കുന്നു ... ബോധം പോയി എന്നും ഇല്ലാ എന്നും ഇപ്പോഴും നാട്ടില്‍ തര്‍ക്കമുണ്ട്..

 ആ incident നു ശേഷം നായരെ എല്ലാവരും പുല്ലു പോലെയാ കാണുന്നത്... (ഇത് കൊണ്ടാ ഞാന്‍ എന്റെ ഭാര്യയെ അടിക്കാത്തത് ... എനിക്കെങ്ങാനും അടി കൊണ്ടാല്‍ എന്റെ കാര്യം പോക്കാ! :)

ബൈ ദി ബൈ ... നായര് കോന്നിക്കാരന്‍ ആണെന്ന് ചിലര്‍ പറയുന്നു ... ചിലര് പറയുന്നത് നായര്‍ ചെന്നിത്തല ക്കാരന്‍ ആണെന്ന് ...

ഓ കെ .. ഓ കെ ... അപ്പോള്‍ കഥ കാട് കയറുന്നു ...  

അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ ഉരുളി, വാര്‍പ്പ്‌ എന്ന് വേണ്ടാ എല്ലാ പാത്രങ്ങളും കഴുകിയിരുന്ന ആള്‍ റിട്ടയറായി ...
അമ്പലത്തില്‍ പാത്രം കഴുകികൊണ്ടിരുന്ന അമ്മാവന്‍ ഒരു ദിവസം പാത്രവുമായിട്ടു ആറ്റില്‍ പടിയിറങ്ങുമ്പോള്‍ ഒരു ചെറിയ മിസ്‌ സ്റ്റെപ്പ് ... ധീം തരികിട തോം ... ഈശ്വരോ രക്ഷതു .. എന്ന് പണ്ട് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞത് പോലെ ... (നിങ്ങള്‍ പിള്ളേര്‍ക്ക്‌ ശങ്കുണ്ണിയെ അറിയുമോ... എല്ലാത്തിനും സിനിമ കാണാന്‍ അല്ലേ നേരമുള്ളൂ...!!)

എനി വേ ... പാത്രം കഴുകല്‍ ഉദ്യോഗം നമ്മുടെ കമലമ്മച്ചേച്ചി അടിച്ചു മാറ്റി ... കുറെ നാള്‍ അവര്‍ ആയിരുന്നു ഇന്‍ ചാര്‍ജ്‌ ... ചേച്ചി കടവത്ത്‌ പാത്രം കഴുകാന്‍ എത്തുമ്പോള്‍ കടവത്ത് താനേ തിരക്ക്‌ കൂടി വന്നു ... ങാ .. അത് പോട്ടെ ... അത് നമ്മുടെ മറ്റൊരു അദ്ധ്യായത്തില്‍ ആകാം ... ആ കഥകള്‍ ... അല്ലേ ? :)

ചേച്ചിയുടെ പാത്രം കഴുകല്‍ വെള്ളവും പുഴയും ഇടിയും മിന്നലും പേടിയുള്ള ചൊറിയന്‍ നായര്‍ ഒരു സുപ്രഭാതത്തില്‍ ഏറ്റെടുത്തു ... 

നായര്‍ക്ക്‌ പാത്രം കഴുകല്‍ (ഭഗവാന്‍റെത് ആയിരുന്നാലും) കുറച്ചില്‍ ആയത് കാരണം ആളില്ലാത്ത സമയത്തെ അങ്ങേരു പാത്രം കഴുകാന്‍ വരൂ.

പാവം ഒത്തിരി കഷ്ടപ്പെട്ടു. പുഴയില്‍ ഇറങ്ങാതെ, ഒക്കുന്നത്രയും വെള്ളം തൊടാതെ പാത്രം കഴുകുന്നതില്‍ phD എടുത്തു ... പാവം ...

അങ്ങനെ അമ്പലത്തില്‍ ഉത്സവം ആയി ... നായര്‍ക്ക് ആനയെ ദൂരെ നിന്ന് കാണാന്‍ വലിയ ഇഷ്ടമാണ് .. എന്നാലും ആനയുടെ കണ്ണില്‍ നോക്കില്ല. ലവന്മാര്‍ അങ്ങേരെ നോക്കി നില്‍ക്കുവാ എന്ന് തോന്നും. അതുകൊണ്ട് ആനയുടെ പള്ള (എന്താ ഒരു വയറ്! എനിക്കും അതുപോലെ ഒരു വയറുണ്ടായിരുന്നെങ്കില്‍ ... എന്നൊക്കെ അങ്ങേര് ആലോചിച്ചോണ്ട് നില്‍ക്കും... കുറച്ചു ദൂരെ.)

ഒരു ദിവസം രാവിലെ ശീവേലിക്ക് എഴുന്നള്ളിക്കാന്‍ തുടങ്ങുമ്പോള്‍ ഊരാ ണ്മക്കാരന്‍ തമ്പുരാനും റെഡി ആയി നില്‍ക്കുന്നുണ്ടായിരുന്നു. സമയമായിട്ടും ആനപ്പുറത്ത് കുടപിടിക്കാന്‍ ഏര്‍പ്പാട്‌ ചെയ്തിരുന്ന ശ്രീധരന്‍ പിള്ള ചേട്ടനെ കാണാനില്ല.

ശ്രീധരന്‍ പിള്ള ചേട്ടന്‍ ഉത്സവകാലത്ത് ആനപ്പുറത്ത് കേറുന്ന സമയത്ത് പക്കാ വെജിറ്റേറിയന്‍ ആയിരിക്കും ... കള്ളു ഇങ്ങോട്ട് വന്നു വിളിച്ചാലും കണ്ണടയ്ക്കും .. അങ്ങനെ ആയിരുന്നു ... ചേട്ടന് തലേന്ന്‍ ഒരു അക്കിടി പറ്റിയ കാരണം ആനപ്പുറത്ത് കേറാന്‍ നിര്‍വാഹമില്ലാതെ എവിടോ കിടക്കുന്നുണ്ടായിരുന്നു. ചേട്ടനെ തിരക്കി ഒന്ന് രണ്ടു പേരെ തമ്പുരാന്‍ വിട്ടു. ചേട്ടനും വന്നില്ല തിരക്കിപോയവരും വന്നില്ല...

തമ്പുരാന് കലി ഇളകി ... പെട്ടെന്ന് നമ്മുടെ ചൊറിയന്‍ നായരെ നോക്കി "ഇവിടെ വാടാ..." എന്ന് പറഞ്ഞു ...തന്നെ വിളിക്കുന്നത്‌ കേട്ടപ്പോള്‍ ഓടണം എന്നുണ്ടായിരുന്നെന്കിലും വിറയല്‍ കാരണം അനങ്ങാന്‍ കൂടി കഴിഞ്ഞില്ല ... അവനെ പിടിച്ചിങ്ങു കൊണ്ടുവാടാ എന്ന് തമ്പുരാന്‍ പറഞ്ഞത് കേട്ട് അടുത്ത് നിന്ന രണ്ടു പേര്‍ നായരെ രണ്ടു കയ്യിലും തൂക്കി തമ്പുരാന്‍റെ മുന്നില്‍ എത്തിച്ചു ...

ലങ്ങേര്‍ക്ക് മയങ്ങി വീഴണോ .. അതോ ഓടാന്‍ ഒന്ന് കൂടി ശ്രമിക്കണോ എന്ന് ആകെ മൊത്തം കണ്ഫ്യൂഷന്‍ ...
തമ്പുരാന്‍ പറഞ്ഞു "കേറെഡാ..."
നായര്‍ വിറച്ചു

നായര്‍ക്ക് അനങ്ങാന്‍ ആവുന്നില്ല ... കരച്ചില്‍ തുടങ്ങി ... "പിടിച്ചു കേറ്റ് ഡാ .." എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി
നാട്ടുകാരെല്ലാം ചേര്‍ന്ന് പിടിച്ചു ആനയുടെ പുറം കാല്‍ വഴി നായരെ ആനപ്പുറത്ത് കയറ്റി ... കയറി ചെന്നപ്പോള്‍ നായര് ഇരുന്നത് തല തിരിഞ്ഞ് !

 ‎"ഇറക്കി നേരെ ഇരുത്തടാ ..." എന്ന് തമ്പുരാന്‍ പറഞ്ഞത് കേട്ട് നാട്ടുകാര്‍ ഇറക്കാന്‍ നോക്കുന്നു ... നായരെ ഒരു തരത്തില്‍ താഴെ ഇറക്കാന്‍ ഒക്കുന്നില്ല ... ഭയന്ന് വിറങ്ങലിച്ച് ആനപ്പുറത്ത് ഒട്ടി ഇരുന്നു നായര് ... പോരെങ്കില്‍ വലിയ വായിലെ കരച്ചിലും ...

തമ്പുരാന് വീണ്ടും കലി!

എന്നാ അവന്‍ അവിടിരിക്കട്ടെ ... അങ്ങനിരുന്നാല്‍ മതി .. കുട കൊടുക്കെടാ" എന്ന് പറഞ്ഞു തമ്പുരാന്‍

എല്ലാവരും കൂടി ചേര്‍ന്ന് നായരുടെ കയ്യില്‍ കുട പിടിപ്പിച്ചു

പിന്നെ ശീവേലി തുടങ്ങി ...

തിടമ്പ്‌ എടുത്ത ആന നടുവില്‍ .. സൈഡിലെ ഒരെണ്ണത്തില്‍ മറ്റൊരു ആനപോലെ വണ്ണമുള്ള നമ്മുടെ മൂത്തത് പയ്യന്‍ ... മറ്റേ വശത്തെ ആനപ്പുറത്ത്‌ ചൊറിയന്‍ തലതിരിഞ്ഞും ...

പൂരം തന്നെ ...

ഞങ്ങള്‍ വാനരന്മാര്‍ എല്ലാം നായരുടെ മുമ്പേ അആനയുടെ പിറകേ .. ചിരിയോടു ചിരി ...

നായര് കരച്ചിലോടെ കരച്ചില്‍

മൂന്നു വട്ടം പ്രദക്ഷിണം ... അതും കഴിഞ്ഞ് തമ്പുരാന്‍ പോയി ... മറ്റു ആനപ്പുറത്ത് നിന്ന് എല്ലാവരും ഇറങ്ങി .. പിന്നെയും ഒരു മണിക്കൂറെടുത്തു നായരെ ആനപ്പുറത്ത് നിന്ന് താഴെ ഇറക്കാന്‍ ... അതൊരു മഹാ യജ്ഞം ആയിരുന്നു

പാവം ചൊറിയന്‍ നായര്‍ പിന്നെ അമ്പലത്തില്‍ വന്നിട്ടില്ല ... ഞങ്ങടെ നാട്ടിലും കണ്ടിട്ടില്ല ... ഇപ്പോള്‍ കോന്നിയിലോ ചെന്നിത്തലയിലോ മറ്റോ കാണും ..
********

ഈ കഥ എഴുതാന്‍ കാരണം ... ഇന്ന് രാവിലെ കണ്ട സ്വപ്നത്തില്‍ ചെണ്ടയടിക്കാന്‍ പോയ എന്നെ സായിപ്പന്മാര്‍ തെറ്റിധരിച്ച് കുതിരകളെ ഇറക്കുന്ന ജോലി തന്നു എന്ന് സ്വപ്നം കണ്ടത് കൊണ്ടാണ് ... ഇനി പോയി കുളിക്കട്ടെ ... അല്ലെങ്കില്‍ മുതുകത്ത്‌ ഇടി കിട്ടും എന്ന് ഉറപ്പാണ്.. 

4 comments:

  1. "ആനപോലെ വണ്ണമുള്ള നമ്മുടെ മൂത്തത് പയ്യന്‍ "
    അത് കലക്കി.
    [പിന്നേയ്, കള്ള് വെജിറ്റേറിയന്‍ ആണ്...]

    ReplyDelete
  2. Anonymous11:12 PM

    pandalath aevideya?

    ReplyDelete
  3. അതൊക്കെ പോട്ടെ, എഴുന്നള്ളത്ത് കേമമാ‍ാക്കിയില്ലേ നായര്‍...??

    ReplyDelete
  4. നായര്‍ ആള് കൊള്ളാട്ടാ ... പക്ഷേ , ചെന്നിത്തലനായരാണോ കോന്നി നായരാണോ എന്ന് വന്നപ്പോള്‍ ചുമ്മാ കേരളത്തിലേക്ക് ഒന്ന് നോക്കി... പുറം തിരിഞ്ഞു ഇപ്പൊ ആരാ ആനപ്പുറത്ത് ഇരിക്കുന്നത് എന്ന് ... ! ഭേഷായി മനോജേട്ടാ ! ;)

    ReplyDelete