Sunday, May 01, 2011

ആരായിരുന്നു സത്യസായി ബാബ?

മായാപ്രപഞ്ചം
Posted on: 01 May 2011

അവിനാശ്‌


ആരായിരുന്നു സത്യസായി ബാബ? ഭക്തരുടെ അതിശയോക്തികള്‍ക്കും വിമര്‍ശകരുടെ വെറുംവാക്കുകള്‍ക്കും അപ്പുറം നിന്നുകൊണ്ട് തളരാത്ത കര്‍മയോഗത്തിന്റെ വിസ്മയപ്രപഞ്ചം തീര്‍ത്ത
വഴികാട്ടിയായിരുന്നു അദ്ദേഹം. മനുഷ്യസ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ
മതം. കാരുണ്യമായിരുന്നു മന്ത്രം. കര്‍മമായിരുന്നു കരുത്ത്. സര്‍വമത സമന്വയമായിരുന്നു സാധന...


യദ്യദ്വിഭൂതിമത് സത്ത്വം ശ്രീമദൂര്‍ജിത മേവ വാ
തത്തദേവാവഗച്ഛ ത്വം മമ തേജോംശസംഭവം

(മനുഷ്യന്‍ എവിടെയെങ്കിലും അസാമാന്യമായ ആധ്യാത്മികശക്തി പ്രകാശിപ്പിച്ചാല്‍ അവിടെ ഞാനുണ്ടെന്ന് അറിഞ്ഞുകൊള്ളുക; എന്നില്‍ നിന്നാണ് ആ പ്രകാശമുണ്ടാവുന്നത്.)
-ഭഗവത്ഗീത

പുട്ടപര്‍ത്തിയില്‍വെച്ച് കരിന്തേള്‍ കടിച്ച് ബോധമറ്റ സത്യനാരായണരാജു എന്ന പതിന്നാല് വയസ്സുകാരന്‍ ഉണര്‍ന്നത് ബോധോദയത്തിന്റെ മറുകരയിലായിരുന്നു. അവിടെ, ഈ പ്രപഞ്ചമാകെ ഒരേ ചൈതന്യത്തില്‍നിന്നും ഒഴുകിനിറയുന്നത് അവന്‍ കണ്ടു. മനുഷ്യനും മരങ്ങളും മൃഗങ്ങളും പക്ഷികളും പുഴകളും പൂക്കളും പൂമ്പാറ്റകളും നക്ഷത്രങ്ങളുമെല്ലാം ഒന്നിച്ച് സ്​പന്ദിക്കുന്ന സച്ചിദാനന്ദ സാഗരം. ഉണ്മയുടെ ആ വെളിച്ചത്തില്‍ അവന്‍ പൂര്‍വജന്മത്തിന്റെയും കര്‍മങ്ങളുടെയും ഉറയൂരിയെറിഞ്ഞ് സായിബാബയായി. കമാര്‍പുക്കൂരിലെ കൊയ്‌തൊഴിഞ്ഞ വയലിനു മുകളില്‍ ഉരുണ്ടുകൂടിയ കാളമേഘങ്ങള്‍ക്ക് കുറുകേ പറന്ന വെള്ളക്കൊറ്റികളുടെ സംഘത്തെക്കണ്ട് മൂര്‍ച്ഛിച്ചുവീണ ഗദാധര്‍ ചാറ്റര്‍ജി എന്ന അഞ്ച് വയസ്സുകാരന്‍ ശ്രീരാമകൃഷ്ണപരമഹംസരായതുപോലെ; തിരുച്ചുഴിയിലെ വെങ്കിട്ടരമണന്‍ പതിനേഴാം വയസ്സില്‍ മരണാനുഭവത്തിലൂടെ രമണമഹര്‍ഷിയായതുപോലെ.
പുതുജന്മം പൂണ്ട സായിയെത്തേടി അപ്പോള്‍ ചിത്രാവതി നദി കടന്ന് ഒരു കാറ്റ് വന്നു. കാറ്റില്‍ ദൂരെ ദൂരേ ഷിര്‍ദിയിലെ വേപ്പുമരങ്ങളുടെ തണുത്ത തഴുകല്‍ ഉണ്ടായിരുന്നു; ആ മരങ്ങള്‍ക്ക് ചുവടെയിരുന്ന് സ്‌നേഹവും സാന്ത്വനവും വിളമ്പിയ ഫക്കീറിന്റെ കടാക്ഷങ്ങളുണ്ടായിരുന്നു.
ബോധോദയം നേടിയ സായിക്ക് ഏകാന്തതപം ചെയ്യാന്‍ ഹിമാലയത്തില്‍ ഗുഹകള്‍ ഏറെയുണ്ടായിരുന്നു. മോക്ഷപ്രാപ്തി തേടി അലയാന്‍ തീര്‍ഥങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഉറുമ്പുപുറ്റുകള്‍ നിറഞ്ഞ് ഉര്‍വരമായ സ്വന്തം നാടിന്റെ പൊള്ളുന്ന മണ്ണിലൂടെ, പാവങ്ങളെ കണ്ടുകണ്ട് അദ്ദേഹം സഞ്ചരിച്ചു. അതായിരുന്നു സായിയുടെ പരിവ്രാജനം... അപ്പോഴും ഷിര്‍ദിയിലെ അവധൂതന്റെ വാക്കുകളായിരുന്നു മനസ്സില്‍ നിറയെ.

'തേടിവരുന്ന ആരെയും തിരിച്ചയയ്ക്കാതിരിക്കുക, ആദരവോടെ സ്വീകരിക്കുക. ദാഹിക്കുന്നവന് ജലം നല്‍കുക, വിശക്കുന്നവന് അപ്പം, നഗ്‌നന് വസ്ത്രം, അലഞ്ഞു വരുന്നവന് വരാന്ത...'

വിശക്കുന്നവന് വേദാന്തം വേണ്ട, ഭക്ഷണം മതി എന്ന വിവേകാനന്ദവചനം അദ്ദേഹം ഹൃദയത്തില്‍ കൊത്തിവെച്ചു.

എന്താണ് സായിബാബയുടെ ഏറ്റവും വലിയ മാജിക്? അന്തരീക്ഷത്തില്‍നിന്നും പഞ്ചാര മിഠായികളും പതക്കങ്ങളും പട്ടുസാരികളും പവിഴക്കല്‍ മോതിരങ്ങളും നിമിഷാര്‍ധംകൊണ്ട് കൈവീശിയെടുത്തതോ? അതുമാത്രം കണ്ടവര്‍ കടല്‍ കാണാന്‍പോയി തിരത്തുമ്പ് മാത്രം കണ്ട് തിരിച്ചുവരുന്നവരെപ്പോലെയായി. അവ വെറും കവാടങ്ങളായിരുന്നു. അതിനപ്പുറം അനന്തപുരിന്റെയും റായലസീമയുടെയും മേധക്കിന്റെയും മെഹബൂബ് നഗറിന്റെയും മദിരാശിയുടെയും കാഞ്ചീപുരത്തിന്റെയും വിണ്ടുകീറിയ മണ്ണിലേക്ക് ജീവജലം കൊണ്ടുവന്ന് ബാബ ലക്ഷങ്ങള്‍ക്ക് ഭഗീരഥനായി. കൊണ്ടോട്ടിയിലെ കാദര്‍കുട്ടിക്കും കാഞ്ഞിരപ്പള്ളിയിലെ കറിയാച്ചനും ലഡാക്കിലെ ദരിദ്രലാമയ്ക്കും ധാരാവിയിലെ ചെരിപ്പുകുത്തിക്കും കൊല്‍ക്കത്തയിലെ റിക്ഷാക്കാരനും ഹൃദയം നിലച്ചാല്‍ കിടപ്പാടം വില്‍ക്കാതെയും കുടുംബം തുലയ്ക്കാതെയും ഒരു തുട്ടുപോലും ചെലവഴിക്കാതെ ശസ്ത്രക്രിയ സാധ്യമാക്കി അറ്റുവീഴാറായ ജീവന്‍ തിരിച്ചുനല്‍കി തലോടി അയച്ചു. മനുഷ്യന്‍, ദൈവം എന്ന നക്ഷത്രത്തെ തൊട്ടു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഉന്നതശ്രേണിയില്‍വരെ ബുദ്ധിമാത്രം കൈമുതലാക്കി കൈയും വീശിച്ചെന്ന് പഠിക്കാമെന്നാക്കി. കൈയടക്കങ്ങളെ കുറ്റംപറഞ്ഞ് വെല്ലുവിളിച്ചവരെല്ലാം ഈ മാജിക്കുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചുനിന്നു. ഒരു വ്യക്തി സര്‍ക്കാറിനേക്കാള്‍ വലുതായി. കര്‍മയോഗിയായ ബ്രഹ്മജ്ഞാനിയെ ഭരണാധിപര്‍ വണങ്ങി.

എന്താണ് സായിബാബ പറഞ്ഞതും പ്രചരിപ്പിച്ചതും? കഠിന പാഠങ്ങളല്ല: ഞാന്‍ ഈശ്വരനാണ്, നിങ്ങളും ഈശ്വരനാണ്; മതിലുകളില്ലാതെ സ്‌നേഹിക്കുക, സേവിക്കുക, കാരുണ്യവും ദയയും കാത്തുസൂക്ഷിക്കുക... വറുതികള്‍ താണ്ടിവരുന്ന ഗ്രാമീണനോടും കോടികള്‍ക്ക് മുകളിലിരിക്കുന്ന കുബേരന്മാരോടും തൊട്ടുമുന്നില്‍ മുരണ്ടിരിക്കുന്ന ഈദി അമീനോടും ഇതുതന്നെ പരമശാന്തതയോടെ ബാബ പറഞ്ഞു. ആര്‍.കെ. കരഞ്ചിയ എന്ന കുശാഗ്രബുദ്ധിയുള്ള പത്രപ്രവര്‍ത്തകനു മുന്നില്‍ വെറുമൊരു ടവ്വല്‍ വിരിച്ചിട്ട് നൂലുകള്‍ നുള്ളിമാറ്റി അത് ദുര്‍ബലമാകുന്നതും ഒന്നിച്ചുചേര്‍ത്ത് ശക്തമാക്കുന്നതും കാണിച്ച് മനുഷ്യരാശിയെ ചേര്‍ത്തുനിര്‍ത്തുന്ന മന്ത്രം ചൊല്ലി. എനിക്ക് ഹൃദയത്തിന്റെ ഭാഷ മാത്രമേ അറിയൂ എന്നു പറഞ്ഞ് വിനീതനായി.

ആയുസ്സിന്റെ എണ്‍പത്തിയഞ്ചാം പടവില്‍വെച്ച് ബാബ എന്ന പ്രകാശം പൊലിഞ്ഞു. കുല്‍വന്ത് ഹാളിലെ ചില്ലുകൂട്ടില്‍ ഒരു ചെമ്പനീര്‍ക്കുലപോലെ കിടന്നും, കരഞ്ഞു തോരാത്തവരുടെ കണ്ണീരില്‍ കുളിച്ചും ഭൂമിയോട് ചേര്‍ന്നു. സരസ്വതീ തീര്‍ഥത്തിനപ്പുറം ഒരു യുഗം അസ്തമിച്ചു.
ബാബയ്ക്കുശേഷം ഇനിയെന്ത്? മാണ്ഡ്യയില്‍ പ്രേമസായി പിറക്കുകയോ പിറക്കാതിരിക്കുകയോ ചെയ്യട്ടെ. മരണം തൊട്ടുമുന്നില്‍ക്കണ്ട വിവേകാനന്ദന്‍ അല്‍മോറയില്‍വെച്ച് സ്വാമി അഖണ്ഡാനന്ദയോട് പറഞ്ഞ ഈ വാചകം ബാബയിലും യാഥാര്‍ഥ്യമാകും:

'And even if I die, my bones will work wonders'

അങ്ങനെ അത്ഭുതങ്ങള്‍ വീണ്ടും സംഭവിക്കുമ്പോള്‍ ബാബ കരഞ്ചിയയോട് പറഞ്ഞ ഈ വരികള്‍ അവയ്ക്ക് കുട പിടിക്കും:


Life is love, enjoy it;
Life is a Challenge, meet it;
Life is a Song, sing it
Life is a dream, realize it
Life is a game, play it

സായിബാബ-ജീവിതരേഖ


1926 നവംബര്‍ 23ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ജനനം. അച്ഛന്‍: പെണ്ടാ വെങ്കപ്പരാജു. അമ്മ: ഈശ്വരമ്മ. ആദ്യ നാമം: സത്യനാരായണ രാജു. പതിന്നാലാം വയസ്സില്‍ ഷിര്‍ദിസായിബാബയുടെ അവതാരമാണെന്നു പ്രഖ്യാപിച്ച്, പഠനം ഉപേക്ഷിച്ച് ആധ്യാത്മികജീവിതത്തിലേക്കു പ്രവേശിച്ചു. 1944 ല്‍ പുട്ടപര്‍ത്തിയില്‍ ആശ്രമം സ്ഥാപിച്ചു. 1950 ല്‍ അത് പ്രശാന്തിനിലയമായി മാറി. 1954 ല്‍ പുട്ടപര്‍ത്തിയില്‍ ആസ്​പത്രി സ്ഥാപിച്ച് ആതുരസേവന രംഗത്തേക്ക് പ്രവേശിച്ചു. 1965 ല്‍ സത്യസായി സേവാസമിതിക്കു തുടക്കംകുറിച്ചു. 1991 ല്‍ പുട്ടപര്‍ത്തിയില്‍ 100 കോടി രൂപ ചെലവില്‍ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് സ്ഥാപിച്ചു. അനേകം ഗ്രാമീണര്‍ക്കു ദാഹജലമേകിയ അനന്തപുര്‍, കിഴക്കന്‍ ഗോദാവരി എന്നീ കുടിവെള്ള പദ്ധതികള്‍, ചെന്നൈ ജലപദ്ധതി, ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസനിധി, സുനാമി പുനരധിവാസ പദ്ധതി തുടങ്ങി ഒട്ടേറെ മാനുഷികപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പുട്ടപര്‍ത്തിയിലെ സത്യസായി യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഇന്ന് ലോകത്തെമ്പാടും ആസ്​പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവ ബാബയുടെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിക്കുന്നു. 2011 ഏപ്രില്‍ 24ന് രാവിലെ 7.40ന് സത്യസായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ച് ദേഹം വെടിഞ്ഞു.

No comments:

Post a Comment