ഗംഗോത്രിയിലെ രണ്ടാം ദിവസം. രാവിലത്തെ ദര്‍ശനം കഴിഞ്ഞ് നേരത്തേ പറഞ്ഞേര്‍പ്പെടുത്തിയിരുന്ന പ്രസാദം വാങ്ങാന്‍ കാത്തിരിക്കുമ്പൊഴാണ് ഈ മുത്തശ്ശിയെ വീണ്ടും കണ്ടത്. 18 കിലോമീറ്റര്‍ മേലെ, ഗോമുഖ്-ല്‍ മഞ്ഞുരുകി ഒഴുകിയെത്തുന്ന ഗംഗയ്ക്കും മഞ്ഞിന്റെ തണുപ്പു തന്നെ. സ്നാനഘട്ടിലിറങ്ങി, ഒഴുക്കില്‍പ്പെടാതെ ആ തണുത്ത വെള്ളത്തില്‍ കുളിച്ചു ശുദ്ധിയോടെ, പതിയെ കയറി വന്ന ആ മുത്തശ്ശിയെ ഞാന്‍ നേരത്തേ ശ്രദ്ധിച്ചിരുന്നു.
ഒരു ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമോ എന്ന് എന്റെ മുറി-ഹിന്ദിയില്‍ ഞാന്‍ ചോദിച്ചപ്പോള്‍ ‘ഈ വയസ്സിയുടെ ഫോട്ടോ എന്തിനാണു കുഞ്ഞേ?’ എന്നവര്‍ മറുചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങളുടെ വിടര്‍ന്ന ചിരി എന്റെ മുത്തശ്ശിയുടെ പോലെ തന്നെ എന്നുള്ള എന്റെ മറുപടി ഇഷ്ടപ്പെട്ടു. പക്ഷേ പടമെടുത്തപ്പോള്‍ പുഞ്ചിരിയില്ലായിരുന്നു, മറിച്ച് തീക്ഷ്ണമായ നോട്ടം മാത്രം...
ജീവിതയാത്ര അവസാനിക്കുന്നതിനു മുമ്പ്, തന്റെ സകല സങ്കടങ്ങളും സ്വപ്നങ്ങളും ഗംഗാമാതയുടെ കാല്‍ക്കല്‍ അര്‍പ്പിച്ച് അവിടുത്തെ മുന്‍പില്‍ പുജ ചെയ്ത് തിരികെ തന്റെ ഗ്രാമത്തിലേക്കു മടങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക?
No comments:
Post a Comment