Wednesday, August 24, 2011

സുഹൃത്തിനോട് ...

ഇല്ല.
ഒന്നും നേടാന്‍ വേണ്ടിയായിരുന്നില്ല.

നീ വന്നപ്പോള്‍ നിന്നതും
നിന്‍റെ വാക്കിന് മറുവാക്കോതിയതും...

നിന്‍റെ കവിതകളുടെ സൌന്ദര്യം
അതിലെ നോവുകള്‍
വിചാരങ്ങള്‍
നിശ്വാസങ്ങള്‍
അനുഭൂതികള്‍
അവ പങ്കുവയ്ക്കാന്‍ നിന്നപ്പോള്‍
ഒന്നും നേടാന്‍ വേണ്ടിയായിരുന്നില്ല

ഈ നാട്ടുവഴിയില്‍ പഥികരായ് നാമെത്തി,
കണ്ടു, കവിതകള്‍ ചൊല്ലി
കഥകള്‍ പറഞ്ഞു ... നഷ്ടസ്വപ്നങ്ങളുടെ...

രാവിന്‍റെ അന്ത്യയാമത്തില്‍ യാത്ര പറയാന്‍ നീ വരും മുന്‍പ്‌
ഈ വഴിയമ്പലം വിടും ഞാന്‍
ഒരു നൊമ്പരമായ് 
ശുഭയാത്രയോതാതെ ... ശുഭരാത്രി നേരാതെ
"ഇനി വീണ്ടും കാണാം" എന്നുരിയാടാതെ

***

എന്നെയിനി കാണില്ല നീ
എന്‍ കവിത കേള്‍ക്കില്ല നീ
എന്‍റെ മിഴിയടയും എന്‍റെ മൊഴിയുടയും
എന്‍റെ ശാരീരമൊരു തേങ്ങലില്‍ മായും
മണ്ണിലൊരു പുല്മേടിനാഹാരമാകും

***

എന്നാലുമെന്നെ നീയോര്‍ക്കും
നിന്നിലെന്‍ കവിത നീള്‍വാഴും
വഴിയമ്പലങ്ങളില്‍ വാതായനങ്ങളില്‍
വനഭൂമിയില്‍ ചാരു പുളിനങ്ങളില്‍ ,
നിഴലില്‍ , നിലാവില്‍ , നീര്‍മാതളങ്ങളില്‍ ...

ഋതുസംക്രമത്തില്‍ പാടുന്ന പക്ഷിയുടെ
മധുര ഗീതങ്ങളില്‍ .. മഴമേഘമാലയില്‍
മയിലിന്റെ പീലിയില്‍ , മൃദുമേഘരാജിയില്‍
അലയുന്ന കാറ്റില്‍ -ഉലയും തരുക്കളില്‍

എന്‍ കവിത നീയന്നു കേള്‍ക്കും
കണ്ണീരു പുഞ്ചിരിയില്‍ മായും
അന്നു നിന്നുള്ളിലെന്നെന്നുമെരിയുന്ന തീ-
നാളമായെന്നെ നീ കാണും.

നീ തന്നെ ഞാനെന്ന നിത്യസത്യം.
നിയതിയില്‍ നിറയുന്ന നിത്യസത്യം...
നീയന്നു ഞാനാകും നാമന്നു നാമാകും
നിയതിയും പ്രകൃതിയും തകൃതിയായ് വികൃതിയായ് ...

(ഈ കവിത ഒരു draft ആണ്. തേച്ചു മിനുക്കി എടുക്കണം... സാവകാശമാകാം, അല്ലേ? :) )

2 comments: