Monday, January 28, 2013

മുത്തപ്പന്‍ തെയ്യം.


മുത്തപ്പന്‍ തെയ്യം. 

മിന്നാമിനുങ്ങുകളെ മാത്രം കാണാമായിരുന്നു. വാദ്യങ്ങളോ ചിലമ്പിന്റെ ഒലിയോ എവിടെ നിന്നെങ്കിലും കേള്‍ക്കുന്നുവോ എന്ന് കാതോര്‍ത്ത്‌ ഉമ്മറപ്പടിയില്‍ ചാഞ്ഞിരുന്നു. മയക്കത്തില്‍ ദൈവം ഒരു എട്ടുകാലിയുടെ ചാഞ്ഞാടുന്ന നൂലില്‍ സ്വര്‍ഗത്തു നിന്ന് താഴേക്കിറങ്ങി വരുന്നു. എങ്ങും നീല നിലാവ് വീണു പടര്‍ന്നു കിടക്കുന്നു. നിലാവിന്റെ നീലിമ മിന്നാമിന്നികളിലേക്കും പടര്‍ന്ന്‍ നീലവെളിച്ചം എങ്ങും തെളിച്ച് അവ പാറുന്നുണ്ടായിരുന്നു. 

ദൈവത്തിന്‍റെ കണ്ണുകളില്‍ കാരുണ്യത്തോടെ പുഞ്ചിരി, കവിളില്‍ നീല വെളിച്ചം, കൈകളില്‍ പായസവും, ലഡ്ഡുവും, ജിലേബിയും. എന്നെക്കണ്ട മാത്രയില്‍ കൂടയില്‍ നിന്ന് ഒരു പൊതി എടുത്തു തന്നു. ഞാന്‍ ഒന്ന്‍ ഊഹിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സംശയമെല്ലാം തീര്‍ന്നു. ഞാന്‍ എന്നും മോഹിച്ചിരുന്ന ഹലുവ തന്നെ. ഓറഞ്ചു നിറത്തില്‍ ഉത്സവപ്പറമ്പില്‍ കണ്ടിരുന്നത് ... എന്നാല്‍ ഒരിക്കലും എനിക്ക് കിട്ടാത്തത് ...

ദൈവമല്ലാതെ ആര്‍ക്കും എനിക്കുള്ള മോഹം അറിഞ്ഞ് ഇങ്ങനെ ഈ പൊതി കൊണ്ടുവരാന്‍ തോന്നില്ല.

ഹലുവത്തുണ്ട് വിറയ്ക്കുന്ന വിരലുകളാല്‍ അടര്‍ത്തി ഞാന്‍ കഴിക്കുന്നത് നോക്കി കാരുണ്യവാനായ ദൈവം ഉമ്മറത്ത്‌ നിന്നു, എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു.

പതിയെ ദൈവത്തിന്‍റെ പിന്നില്‍ എവിടെയോ ചിലമ്പിന്റെ താളം, ചേങ്ങിലയുടെ, ചെണ്ടയുടെ, കുരവയുടെ, മണികളുടെ... നാദം ... മേളം കൂടുമ്പോള്‍ നീല നിലാവും ദൈവവും മിന്നാമിന്നികളും മാഞ്ഞു തുടങ്ങിയിരുന്നു. എന്‍റെ കയ്യിലെ ഹലുവപ്പൊതി മാത്രം ...

2 comments:

  1. മുത്തപ്പന്‍ തെയ്യം

    ReplyDelete
  2. നല്ല കോഴിക്കോടന് ഹലുവ ...ഹായ്...ഹായ്

    ReplyDelete